Sunday, December 6, 2009

എഴുത്തച്ഛൻ

ഭാരതത്തിൽ ഭക്തിപ്രസ്ഥാനം ഉടലെടുത്ത ഒരു കാലഘട്ടത്തിലായിരുന്നു എഴുത്തച്ഛൻ കാവ്യരചനനടത്തിയിരുന്നത്.കേരളത്തിലെ ജനതയിലുണ്ടായ സാസ്കാരികച്യുതി ഇല്ലാതാക്കൻ വേണ്ടിയാണ് എഴുത്തച്ഛൻ ശ്രമിച്ചത്.ഭാരതത്തിലുടനീളം ഹിന്ദുമതത്തിന്റെ നവോത്ഥാനത്തിനു വേണ്ടി ഭക്തികാവ്യങ്ങൾ രചിക്കാൻ കവികൾ തയ്യാറായി.കേരളത്തിലും അതിന്റെ അലകൾ എത്തി. ഭക്തി പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുഖ്യപ്രയോക്താവായിരുന്നു എഴുത്തച്ഛൻ സാംസ്ക്കാരികമായി അധ:പതിച്ചു കൊണ്ടിരുന്ന ജനതയിൽ ഭക്തിമാർഗ്ഗത്തിലൂടെ ഒരു പുതിയ ഉണർവ്വ് ഉണ്ടാക്കാൻ എഴുത്തച്ഛനു കഴിഞ്ഞു.
അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കിയാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു രചിച്ചത്.അന്നുവരെ ഉണ്ടായിട്ടുള്ള രാമായണങ്ങൾ സംസ്കൃതത്തിന്റെയും തമിഴിന്റെയും അതിപ്രസരമുള്ളവയായിരുന്നു മലയാളവും സംസ്കൃതവും കൂടിക്കലർന്ന മണിപ്രവാളഭാഷയിലാണ് എഴുത്തച്ഛൻ കാവ്യരചന നടത്തിയത്.മലയാളഭാഷയുടെ തനിമയെ എടുത്തുകാണിക്കാൻ വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു എഴുത്തച്ഛന്റേത്.അദ്ധ്യാത്മരാമായണത്തിൽ ഈ ഭാഷ വികസ്വരാവസ്ഥയിലായിരുന്നു.ഈ കാവ്യത്തിൽ പലയിടത്തും തനിസംസ്കൃതപദങ്ങൾ നമുക്കു കണ്ടെത്തുവാൻ സാധിക്കും.സുന്ദരകാണ്ഡം തുടങ്ങുന്നതു തന്നെ “കഥയമമ കഥയമമ…..”എന്ന് തനിസംസ്കൃതത്തിലാണ്. ഇതിൽ പലയിടത്തും സംസ്കൃതപദ ബാഹുല്യം നമുക്കു കാണാൻ കഴിയും.മഹാഭാരതം കിളിപ്പാട്ടിലെത്തിയപ്പോഴേക്കും എഴുത്തച്ഛന്റെ ഭാഷ വികസിതാവസ്ഥയിലെത്തി.
“നിറന്ന പീലികൾ നിരക്കവേ കുത്തി
നെറുകയിൽ കൂട്ടി തിറമൊടു കെട്ടി….“ എന്നു തുടങ്ങുന്ന പാർത്ഥ സാരഥീ വർണ്ണനതന്നെ ഉദാഹരണം.
എഴുത്തച്ഛന്റെ കാവ്യരചന സോദ്ദേശ്യമായിരുന്നു. ജനങ്ങളിൽ ഭക്തിവളർത്താൻ തക്കരീതിയിൽ കവി ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പര്യായപദങ്ങൾ മാലപോലെ കോർത്ത് അർച്ചന നടത്തുന്നതു നമുക്കു കാണാൻ കഴിയും.

‘ ശ്രവണം കീർത്തനം വിഷ്ണോസ്മരണം പാദസേവനം
അർച്ചനം വന്ദനം സഖ്യമാത്മ നിവേദനം’
എന്ന് ഭാഗവതത്തിൽ പറയുന്ന നവവിധങ്ങളായ ഭക്തിമാർഗ്ഗങ്ങളിൽ എഴുത്തച്ഛൻ തിരഞ്ഞെടുത്തത് കീർത്തനശാഖയാണ്.
മലയാളികളുടെ മനസ്സിൽ എഴുത്തച്ഛന് അദ്വിതീയമായ ഒരു സ്ഥാനമാണുള്ളത്.കേരളത്തിലങ്ങോളമിങ്ങോളം കുടിൽ തൊട്ടു കൊട്ടാരം വരെ ഭക്ത്യാദരപുരസ്സരം അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ചെയ്യപ്പെടുന്നു. അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽ തന്നെ അദ്ദേഹം രാമായണത്തിന്റെ പ്രസക്തിയെപ്പറ്റി പ്രസ്താവിക്കുന്നു
“ അദ്ധ്യാത്മ പ്രദീപകം അത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്യും മർത്ത്യജന്മികൾക്കെല്ലാം
മുക്തിസിദ്ധിക്കുമിജ്ജന്മം കൊണ്ടേ”
മലയാളികളുടെ മനസ്സിൽ അദ്ധ്യാത്മരാമായണംകിളിപ്പാട്ടിനും എഴുത്തച്ഛനുമുള്ള സ്ഥാനം മറ്റൊരു സാഹിത്യകൃതിക്കും ഇല്ലെന്നു കാണാം