Friday, August 19, 2011

ആരോ പിന്നിലുണ്ട്

മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ ആരോ പിന്നിലുണ്ട് എന്ന കഥാസമാഹാരത്തിൽ 22 കഥകളാണുള്ളത് . പേരു സൂചിപ്പിക്കുന്നതു പോലെ ഇന്നു സമൂഹത്തിൽ നടക്കുന്ന പല പ്രവൃത്തികളെയും പിന്നിൽ നിന്നു നോക്കുന്ന ആളാണ് കഥാകൃത്ത്.
ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ഒക്കെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ട ഒരു കഥയാണ് ധർമ്മം ശരണം ഗച്ഛാമ. ഒരു സുപ്രഭാതത്തിൽ അച്ചന്റെ ചാരുകസാലയിൽ അന്യനായ ഒരാൾ കിടക്കുന്നത് ആദ്യം കണ്ടത് മണിക്കുട്ടിയാണ്. കുളികഴിഞ്ഞു വന്ന ലതോപ്പോൾ പത്ര വയനയിൽ മുഴുകിയിരിക്കുന്ന അയാളോട് ആരാ മനസ്സിലായില്ലല്ലോ എന്നു ചോദിച്ചപ്പോൾ അയാൾ അനിഷ്ടം പ്രകടിപ്പിക്കുന്നു.വീട്ടുകാരനായ മാധവൻ പോലും അയാളുടെ ആജ്ഞാശക്ത്തിക്കു മുന്നിൽ നിശ്ശബ്ദനാകുന്നു. മാധവനും സരളക്കും ജോലിക്കുപോകേണ്ടതാണ്. പത്ര വായനയിൽ മുഴുകിയിരിക്കുന്ന അയാളോട് അയാൾ ആരാണെന്നും വരവിന്റെ ഉദ്ദേശ്യം എന്താണെന്നും ചോദിച്ചപ്പോൾ ഒരു ബന്ധുവാണെന്നു കൂട്ടിക്കൊളൂ എന്നയിരുന്നു അയാളുടെ ഗൌരവത്തിലുള്ള മറുപടി.മാധവന്റെ പതിവുകളൊക്കെ തെറ്റുന്നു.അയാൾ വായിച്ചു കഴിഞ്ഞേ മാധവനു പത്രംകിട്ടൂ.ക്രമേണ അയാൾ ആവീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നു . ബന്ധുവിനേയും കൂട്ടി പോലീസിൽ പരാതിപ്പെടുന്നു.ജോലിക്കു പോയിരുന്ന മാധവനും സരളയും തിരിച്ചു വന്നപ്പോൾ പോലീസുകാർ വന്ന വിവരം അവരോടു പറയുന്നു.തന്റെ ഉറക്കം കളഞ്ഞതിനു ക്ഷമചോദിച്ചിട്ടാണ് അവർ പോയതെന്നു കേട്ടിരിക്കാനേ അവർക്കായൊള്ളൂ.“അങ്ങനെ ഒരാൾ ഉണ്ടെന്നേ മറക്കുക .കുറച്ചു കഴിയുമ്പോൾ ഇതുംഒരു ശീലമാകും .ജീവിതം തന്നെകുറെ ശീലങ്ങളല്ലേ?” എന്നായിരുന്നു ആഗതന്റെ സൽക്കാരം സ്വീകരിച്ച പൊതുകാര്യകർത്താക്കളുടെ അഭിപ്രായം.സഹികെട്ട ഒരു ദിവസം അവർ ആവീടുവിട്ട് വാടകവീട്ടിലേക്കു മാറാൻ തീരുമാനിക്കുന്നു.ഇതറിഞ്ഞ ആഗതൻ “വാടകവീട്ടിലേക്കും എനിക്കു വഴി അറിയാം “എന്നു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോളാണ് ഈശ്വരന്മാരും ചിരിക്കുന്നവരാണെന്ന് അവർക്കു മനസ്സിലാകുന്നത്.

നിനക്ക് എന്താണ് സന്ദേഹം രാഘവപ്പാടിയും നമ്പൂതിരിയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.പെന്തൊക്കോസ്തുകാർ ദൈവത്തെ വാഴ്ത്തുമ്പോൾ ഇവർ വായുവിൽ നിന്നു ഭസ്മമെടുത്ത്ചുറ്റും വിതറി കാണികളെ അമ്പരപ്പിച്ചു നമ്പൂതിരിയെ ദൈവമായി കാണാൻ കാണികൾ തയ്യാറെടുക്കുമ്പൊൾ ദൈവമില്ല എന്നവർ പ്രഖ്യാപിക്കുന്നു. പലരേയും അവർ അവിശ്വാസികളാക്കുന്നു. എന്നാൽ ഒരു ദിവസം അവർക്കു തോന്നുന്നു.ഒരു മാറ്റമൊക്കെ വേണ്ടെ. അവർ വിശ്വാസികളാകുന്നു.
നമ്പൂതിരിശാന്തിക്കാരനാവുന്നു.”ഇതാ എന്നു പറയുമ്പോഴേക്കു തീരുന്നതാണ് ജീവിതംഈ ജീവിതം തിന്നു തിന്നു തീർക്കുകയല്ലെ വേണ്ടു.അതിനിടക്കു ദൈവമുണ്ടോ എന്നൊക്കെ അന്വേഷിച്ചു ഭ്രാന്തു പിടിക്കണോ.” എന്ന ഒരു ഭക്തന്റെ വാക്കുകൾ അദ്ദേഹത്തെ ചിന്തിപ്പിക്കുന്നു.അയാൾ ശാന്തി ഉപേക്ഷിച്ച് സമാധാനത്തോടെ പിന്നീടുള്ള കാലം കഴിച്ചുകൂട്ടുന്നിടത്ത് കഥഅവസാനിക്കുന്നു.അച്ഛന് ഒരു മകൻ എന്ന കഥയിൽ സ്വാതന്ത്ര്യസമരസേനാനി യായ അച്ഛൻ പി.എസ്.സി അഡ്വൈസ് മെമ്മോലഭിച്ച മകന് സർക്കാർ ഓഫീസുകളിലെ രീതികൾ പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു.ആദ്യദിവസംഅവൻപോകുന്നത് വില്ലേജോഫീസിലേക്കാണ്.ഇല്ലാത്ത വേലക്കാരിയുടെ പേര് ചേർത്ത റേഷൻ കാർഡുമായി അച്ഛന്റെ മുന്നിലെത്തിയ മകനോട് അച്ഛൻ ആ സത്യംപറയുന്നു.ജയിലിൽ കിടന്നിട്ടില്ലെങ്കിലും പെൻഷനപേക്ഷിക്കാൻ താൻ സർട്ടിഫിക്കറ്റ് സമ്പാദിച്ച കഥ.പിന്നീട് അവനെ എക്സൈസുകാരുടെഅടുത്തേക്ക് അയക്കുന്നു.അവരുടെ റെയ്ഡ് ഒരു നല്ല അനുഭവമായിരിന്നു. സംഘടനയിൽ ചേർക്കാൻ വന്നവരോടുള്ള അച്ഛന്റെ സമീപനം അവനു പുതിയ ഒരു അനുഭവമായിരുന്നു.ജോലിയിൽ പ്രവേശിക്കുമ്പോഴേക്ക് അവൻ നല്ല ഒരു സർക്കാരുദ്യോഗസ്ഥനു വേണ്ട എല്ലായോഗ്യതയും നേടിയിരുന്നു.
ലൊട്ടുലൊടുക്കു കച്ചവടം ചെയ്യുന്ന കമ്മ്യുണിസ്റ്റുകാരനായ ദാമോദരന്റെ സ്വപ്നങ്ങളാണ് ലൊട്ടുലൊടുക്കിൽ നിന്ന് എന്നകഥയിൽ.”ഒരു തൊഴിലാളി പെട്ടെന്നു പണക്കാരനായാൽ ഒന്നും നഷ്ടപ്പെടാനില്ല.മുതലാളി സൌകര്യങ്ങളിൽ നിന്നുകൊണ്ട് തൊഴിലാളി സൌകര്യങ്ങൾ അനുഭവിക്കുന്ന ആരും വലിയ ത്യാഗം സഹിക്കുന്നു”.എന്നാണ് ദാമോദരന്റെ അഭിപ്രായം.ദാമോദരൻ കോടീശ്വരനായപ്പോൾ ഒന്നേ മാറിയുള്ളൂ.ആ മാറ്റം പക്ഷേ ആരും അറിഞ്ഞില്ല എന്ന് കഥാകൃത്തു പറയുന്നു.അവൻ അയാളായതും അദ്ദേഹമായതും.പണമാണ് ഒരുവനെ മാന്യനാക്കുന്നത് എന്ന ഒരു സാമാന്യ തത്ത്വത്തിലേക്ക് കഥാകൃത്ത് എത്തിച്ചേരുന്നു .
കഥയ്ക്കുവേണ്ടി ഒരു ഫ്ലാറ്റ് എന്നകഥയിൽ തന്റെ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റിൽ താമസമാക്കിയവരുടെ കഥയാണ് പറയുന്നത്. ആരൊടും ഒരു അടുപ്പവും കാണിക്കാതിരുന്ന അവർ ഊമകളല്ലെന്നു മനസ്സിലാക്കിയത് ചിലരാത്രികളിലെ അടക്കിപ്പിടിച്ച ചില അപസ്വരങ്ങളാണ്. മുൻപു ആ ഫ്ലാറ്റിൽ താമസിച്ചിരുന്നവർ എപ്പൊഴും ബഹളം വയ്ക്കുന്നവരായിരുന്നു.ഒരു ദിവസം അവർ ആത്മഹത്യ ചെയ്യുന്നു.നമുക്ക് കുട്ടികൾ ഇല്ലാതെ പോയല്ലൊ എന്ന് അവർ സങ്കടപ്പെടറുണ്ടായിരുന്നു.എന്നാൽ ഇവർക്കിടയിൽ കുട്ടിയായിരുന്നു പ്രശ്നം എന്ന് ചില സംഭാഷണങ്ങളിൽ നിന്ന് നമുക്കു മനസ്സിലാകുന്നു.ഒരു ദിവസം ചില വിലപേശലുകൾ കേട്ടാണു കഥകൃത്തും ഭാര്യയും ഉണരുന്നത്.പതിനായിരം രൂപക്ക് കച്ചവടം ഉറപ്പിച്ച് സാധനം കൊണ്ടു പോകുമ്പോൾ കഥാകൃത്ത് വരാന്തയിലെ ഇരുട്ടിലേക്ക് ഇറങ്ങി നിന്നു.സാധനം കണ്ടപ്പോൾ കഥാകൃത്ത് ഞെട്ടിപ്പോയി.ഭാര്യയോടു പോലും അതിനെപ്പറ്റി പറയാതെ ഇരുട്ടിൽ താനൊന്നും കണ്ടില്ല എന്നു പറയാനേ കഥകൃത്തിനാകുന്നുള്ളൂ.കഥകൃത്തിന്റെ ഞെട്ടൽ അനുവാചകരിലും ഞെട്ടൽ ഉളവാക്കുന്നു.

നോട്ടങ്ങൾ,വ്യാപാരത്തിരക്കിൽ എന്നീ കഥകൾ കുടുംബത്തിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ അവസ്ഥയാണ് പറയുന്നത്.വ്യാപരത്തിരക്കിൽ എന്ന കഥയിൽ അജ്ഞാതർ തട്ടിക്കൊണ്ടു പോയ കുട്ടിയുടെ ടെലഫോൺ സംഭാഷണം ശ്രദ്ധിച്ചാൽ ആ കുട്ടി വീട്ടിൽ അനുഭവിക്കുന്ന പിരിമുറുക്കം
വ്യക്തമാക്കുന്നു.“പപ്പാ എനിക്ക് ഇവരെ പേടിയില്ലാതായിരിക്കുന്നു.ചോദിച്ച്ചതൊക്കെ തരുന്നുണ്ട് പുസ്തകം തുറക്കുകയോ പഠിക്കുകയോ ഒന്നും വേണ്ട.അതുകൊണ്ട് പപ്പാ വേവലാതിപ്പെടുകയൊന്നും വേണ്ട.പിന്നെ ഇവിടെ പുസ്തകം തുറക്കുകയോ പഠിക്കുകയോ ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞതായിമമ്മിയോട് പറയരുത്”. 30 ലക്ഷം കൊടുക്കാതെ തന്നെ മകനെ വിടുവിക്കാനുള്ള സാമർത്ഥ്യം സുഷമാവിത്തലിനുണ്ടായിരുന്നു.

നോട്ടങ്ങൾ എന്നകഥയിൽ മാനസിക വിഭ്രാന്തിയിലകപ്പെട്ട ഗോകുലിന്റെ കഥ പറയുന്നു ആരോതന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി അവൻ ഭയപ്പെടുന്നു.അവന്റെ ഭയത്തെക്കുറിച്ച് വീട്ടുകാരോടു പറയാൻ അവൻ തയ്യാറാവുന്നില്ല.ഒരിക്കൽ ഗോകുൽ അമ്മയോട് “അതു കണ്ടില്ലേ അമ്മേ?നമ്മുടെ പടിപ്പുറത്ത് ഒരാൾ നിൽക്കുന്നതു കണ്ടില്ലേ?ആദ്യമായി എന്നെതുറിച്ചു നോക്കിനിന്നത് അയാളായിരുന്നു”
പക്ഷെ അമ്മ നോക്കിയിട്ട് ആരെയും കാണുന്നില്ല.താമസിയാതെ നകുലും കിരണും പോലെ ഗോകുലും അപ്രത്യക്ഷനാകുന്നു.
മറ്റൊരു ശ്രദ്ധേയമായ കഥയാ‍ണ് വെറ്റിലചവയ്ക്കുന്ന ദു:ഖം.ബന്ധങ്ങൾക്കു വില കല്പിക്കാത്ത
പുതുതലമുറയുടെ കഥയാണിത്. “അപ്പു അമ്മയുടെ നാഡിനോക്കി.ലക്ഷണംനോക്കി.തകരാറൊന്നുമില്ലെന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതായി.എന്റെ എത്രയാത്രകളും ബാദ്ധ്യതകളും ഈ അമ്മമൂലം മുടങ്ങുന്നു.അമ്മക്ക് ഈ അവസ്ഥയിൽ സച്ചിദാനന്ദം കിടക്കുകയേ വേണ്ടൂ.ബാക്കിയുള്ളോരാണ് വട്ടപ്പെടുന്നത്.
ഒരാഴ്ചകഴിഞ്ഞപ്പോൾ അതേ അവസ്ഥയിൽ കിടന്നുകൊണ്ട് അമ്മ മരിച്ചു ‘ഹാവൂ‘ എന്നു ഞാൻ
പറഞ്ഞില്ല.എല്ലാരുടെ മുന്നിലുംഞാൻ ദു:ഖം നടിച്ചു നിന്നു. കുറച്ചുനേരം താടിക്കു കൈയ്യും കൊടുത്തു ഞാൻ ഇരുന്നു.രണ്ടം മുണ്ടുകൊണ്ട് കണ്ണു തുടച്ചു.” കഥാകൃത്തിവിടെമലയാളിയുടെആത്മാർത്ഥതയില്ലാത്ത പ്രകടപരതയെ പരിഹസിക്കുകയാണ് .

ഈ കഥാസമാഹാരത്തിലെ മിക്ക കഥകളിലും ഒരു അദൃശ്യസാന്നിദ്ധ്യമായി ആരോ ഒരാൾ പിന്നിൽ നിൽക്കുന്നു.ചില കഥകളിൽ സമൂഹത്തിലെ തിന്മകളോട് ഒറ്റക്കു പൊരുതാൻ ശക്തിയില്ലാത്തകഥാകൃത്ത് പിന്നിൽ നിന്ന് തന്റെ കഥപാത്രങ്ങൾക്ക് ശക്തിപകർന്ന് തിന്മകളോടു പൊരുതാൻ അവരെ സ്വതന്ത്രരാക്കുന്നു. ഈ കഥകളിൽ പിന്നിൽ നിൽക്കുന്നയാൾ കഥാകൃത്തിന്റെ
മനസ്സാക്ഷിതന്നെ.

No comments:

Post a Comment