Friday, August 19, 2011

പുസ്തകപരിചയം

ആടുജീവിതം
ഗൾഫ് സ്വപ്നം കാണുന്ന ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട ഒരു നോവലാണ് ‘ആടുജീവിതം‘.പ്രവാസിയായ ബെന്യാമിൻ ആണ് ഈ നോവലിന്റെ രചയിതാവ്.ഗ്രീൻ ബൂക്സ് ആണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.‘നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും ‘ വേണ്ടി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.
നോവൽ ആരംഭിക്കുന്നത് പോലീസിന്റെ പിടിയിലകപ്പെടാൻ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ കഥ പറഞ്ഞുകൊണ്ടാണ്.യാദൃച്ഛികമായി വല്ല അത്യാവശ്യത്തിനും പത്താക്കയില്ലാതെ(ഗൾഫ് നാടുകളിൽ വിദേശികൾ കൈയിൽ സൂക്ഷിക്കേണ്ട രേഖ)പുറത്തിറങ്ങേണ്ടി വരുന്ന പല നിർഭാഗ്യവാന്മാരും പോലീസിന്റെ പിടിയിൽ അകപ്പെടാറുണ്ട്. എന്നാൽ ഈ നിർഭാഗ്യവാന്മാർ പത്താക്കയില്ലാതെ പോലീസ്റ്റേഷന്റെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും പല തവണ നടന്നിട്ടും ആരും അവരെ ശ്രദ്ധിക്കുന്നതേയില്ല.ഗത്യന്തരമില്ലാതെ അവർ നേരെ പോലീസ് സ്റ്റേഷനിലേക്കു കയറിച്ചെല്ലുന്നു.അങ്ങനെ അവർ ജയിലിലാവുന്നു.“ഒരാൾ സ്വയം ആഗ്രഹിച്ച് ജയിലിനുള്ളിൽ അകപ്പെടാൻ കാരണമാകുന്നുവെങ്കിൽ അയാൾ അതിനു മുൻപ് വേദനയുടെ എത്ര തീ തിന്നിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ ?“ എന്ന് നോവലിസ്റ്റ് വായനക്കാരോടു ചോദിക്കുന്നു.
ജയിലിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ പ്രധാന കഥാപാത്രമായ നജീബും മറ്റെയാൾ ഹമീദുമാണ്. 2,3,4 അദ്ധ്യായങ്ങളിൽ നജീബിന്റെയും ഹമീദിന്റെയും ജയിൽ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. ജയിൽ മുറിക്കുള്ളിലെ അസൌകര്യങ്ങൾ ഒന്നും നജീബിന് പ്രശ്നമായിരുന്നില്ല.അവന്റെ കഥകൾ കേട്ടറിഞ്ഞ് അവിടെ ഉണ്ടായിരുന്ന പലരും അവനെ കാണാൻ എത്തുന്നു.കുളിക്കാൻ സൌകര്യമില്ലാത്തതിനെക്കുറിച്ച് ഹമീദ് പരാതി പറയുമ്പോൾ നജീബ് വിരലിൽ കണക്കുകൂട്ടി.3 വർഷം 4 മാസം 9 ദിവസം.അതോർത്ത് അവൻ ചിരിക്കുമ്പോൾ ഹമീദിനെപ്പോലെ നമുക്കും അതിന്റെ അർത്ഥം പിടികിട്ടുന്നില്ല.സ്പോൺസറന്മാരുടെ അടുത്തു നിന്ന് ഓടിപ്പോരുന്നവർ താമസിയാതെ പിടിക്കപ്പെടും.ആഴ്ചയിൽ ഒരിക്കൽ ജയിലിൽ ഒരു തിരിച്ചറിയൽ പരേഡ് നടക്കും .അറബികൾക്ക് തങ്ങളുടെ അരികിൽ നിന്നും ഓടിപ്പോന്നവരെ കണ്ടെത്താനുള്ള അവസരമാണിത്. നോവലിസ്റ്റ് വളരെ ഹൃദയാവർജ്ജകമായി വർണ്ണിച്ചിരിക്കുന്ന ആ രംഗങ്ങൾ വായനക്കാരുടെ മനസ്സിൽ നൊമ്പരം ഉളവാക്കുന്നു. നിർഭാഗ്യവാനയ ഹമീദും ഇങ്ങനെ പിടിക്കപ്പെടുന്നു“ഏതു സങ്കടത്തിൽ നിന്നും കരകയറാനുള്ള ഒരേയൊരുവഴി നമ്മളെക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നതുതന്നെയാണ്” എന്ന് കഥാകൃത്ത് നന്നെ ഓർമ്മിപ്പിക്കുന്നു.
അഞ്ചാമത്തെ അദ്ധ്യായത്തിൽ നജീബ് ഗൾഫിൽ എത്തപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റിയാണു പറയുന്നത്.ജയിലിൽ കഴിയുന്ന നജീബിന്റെ ഓർമ്മകളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്.എല്ലാ സാധാരണമലയാളിയെയും പോലെ നജീബിനും കൊച്ചു കൊച്ചു സ്വപ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ.ചില്ലറ കടങ്ങളുള്ളതു വീട്ടണം,വീടിന് ഒരു മുറി കൂടി വേണം.മണൽ വാരൽത്തൊഴിലാളിയാണ് നജീബ്.മണൽ വാരലിനു നിയന്ത്രണവും വരികയാണ്,ഈ സഹചര്യത്തിലാണ് നജീബ് ഗൾഫിലേക്കു പുറപ്പെടുന്നത്.നജീബിന്റെ കൂടെ ഹക്കിമിനും വിസ കിട്ടിയിട്ടുണ്ട്.മീശകുരുത്തിട്ടില്ലാത്ത അവനെ ഉമ്മ നജീബിന്റെ കൈയ്യിലേൽ‌പ്പിക്കുന്നു.
ഏറെ പ്രതീക്ഷയോടെ റിയാദിലെത്തിച്ചേരുന്ന അവർക്ക് അവിടെ കാത്തു നിൽ‌പ്പുണ്ടാകുമെന്നു പറഞ്ഞ അർബാബിനെ(സ്പോൺസർ)കണ്ടെത്താനാവുന്നില്ല.വളരെ വൈകി അബ്ദുള്ളയെ അന്വേഷിച്ചെത്തിയ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു അറബി അവരെ കൂട്ടി പോകുന്നു.പിന്നിടുള്ള അവരുടെ ജീവിതം നരകതുല്യമായിരുന്നു. ഹക്കീമും നജീബും വേർപിരിയുന്നു.രണ്ടുപേർക്കുംആടുകളെ നോക്കുകയായിരുന്നു ജോലി. അവർക്ക് പരസ്പരം കാണാൻ അവസരം ഉണ്ടായിരുന്നില്ല. പകൽ മുഴുവൻ വെള്ളത്തിൽ പണിയെടുത്തിരുന്ന നജീബിന് വെള്ളംകിട്ടാക്കനിയാകുന്നു.നജീബിന് അവിടെ കൂട്ടായി ഉണ്ടായിരുന്ന ആൾ രണ്ടു ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുന്നു.ഭാഷയറിയാത്ത നജീബിനെ ഒരു ബൈനോക്കുലറും,തോക്കും കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചാൽ എന്താകും അനുഭവം എന്ന് അർബാബ് ബോദ്ധ്യപ്പെടുത്തുന്നു.അർബാബൊഴികെ മറ്റൊരു മനുഷ്യ ജീവിയുമായും ബന്ധമില്ലാതെ നജീബ് അവിടെ കഴിയുന്നു.വെള്ളം സൂക്ഷിച്ചുപയോഗിക്കേണ്ട വസ്തുവാണെന്ന് അവിടെ എത്തിപ്പെട്ടതിന്റെ അടുത്ത ദിവസമാണ് അവനു ബോദ്ധ്യമാകുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും വെള്ളം ഉപയോഗിക്കാൻ അവന് അനുവാദമുണ്ടായിരുന്നില്ല.
മലയാളികൾ പലപ്പോഴും കടമകൾ മറന്ന് അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരാണ്.എല്ലാ അവകാശങ്ങളും നീഷേധിക്കപ്പെട്ട്, ചെയ്യുന്ന ജോലിക്കു വേതനമില്ലാതെ,ആവശ്യത്തിനു ഭക്ഷണമില്ലാതെ ആ മണലാരണ്യത്തിൽ ആട്ടിൻ പറ്റത്തിന്റെ കൂടെ
അവയെപ്പോലെ കഴിയേണ്ടി വന്ന നജീബിന്റെ കഥ ഹൃദയദ്രവീകരണ സമർത്ഥമായി ആവിഷ്ക്കരിച്ചിരിക്കുന്നു.ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ച നജീബിനു നെരെ വെച്ച വെടി കൊണ്ടത് ഒരാടിനാണ്.അന്ന് ഭക്ഷണത്തിന് ആട്ടിറച്ചിയായിരുന്നു.അന്നു മുതൽ നജീബ് ആട്ടിറച്ചി ഉപേക്ഷിക്കുന്നു.ഒരിക്കൽ ദൈവദൂതനെപ്പോലെ ഇബ്രാഹിം ഖാദരി എന്ന സുഡാനി ഹക്കിമിനെയും നജീബിനെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു.മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഒരു തുള്ളി വെള്ളം
പോലും കിട്ടാതായപ്പോൾ നജീബ് ചിന്തിക്കുന്നു. “അള്ളാ-ഞാനെത്ര വെള്ളം നാട്ടിൽ വച്ച് ധൂർത്തടിച്ചു കളഞ്ഞിരിക്കുന്നു.ഇപ്പോൾ ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നു.എന്റെ നാടിന്റെ വിലയും മഹത്ത്വവും ഞാനിപ്പോൾ മാത്രമാണ് അറിയുന്നത്.ആ ധൂർത്തിനുള്ള ശിക്ഷയാണോ ഇത്.മാപ്പ് വെള്ളം അതെത്ര അമൂല്യമാണെന്നു ഞാനിപ്പോൾ അറിയുന്നു.”നജീബിന്റെ ഈ വാക്കുകൾ നമുക്കൊരു താക്കീതാണ്.മരുഭൂമിയിലൂടെയുള്ള ആ യാത്രയ്ക്കിടയിൽ വെള്ളം കിട്ടാതെ ഹക്കിം മരിക്കുന്നു.
നജീബ് രക്ഷപ്പെട്ട് ഒരു മലയാളി ഹോട്ടലിന്റെ മുന്നിൽ തളർന്നു വീഴുന്നു.ഹോട്ടൽ നടത്തിയിരുന്ന കുഞ്ഞിക്ക ബോധരഹിതനായിക്കിടന്ന അവനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് വേണ്ട ശുശ്രൂഷകൾ നൽകുന്നു. ഒരു തിരിച്ചറിയൽ പരേഡു ദിവസം തന്റെ അർബാബിനെ മുന്നിൽ കണ്ടപ്പോൾ നജീബിന്റെ മനസ്സിലൂടെ കടന്നു പോയ ചിന്തകളിലൂടെയാണ്
നജീബിന്റെ യാതനകൾ വായനക്കാർക്കു മനസ്സിലാകുന്നത്.അർബാബ് തന്റെ തോളിൽ ഒന്നു തട്ടിയിട്ട് കടന്നു പോയപ്പോൾ നജീബിനു വിശ്വസിക്കനായില്ല.”അവൻ എന്റെ വിസക്കരനല്ലാതെ പോയിഅല്ലെങ്കിൽ ഞാനവനെ മസറ വരെ വലിച്ചിഴക്കുമായിരുന്നു” എന്നു പറഞ്ഞാണ് അറബി പോയതെന്ന് പോലീസുകാർ അവനോടു പറഞ്ഞപ്പോളാണ് പൊള്ളുന്ന ആ സത്യം അവനു മനസ്സിലായത്.
ഗൾഫിന്റെ പുറം മോടികൾക്കപ്പുറം ഇത്തരം ചതിക്കുഴികൾ ഉണ്ടെന്നുള്ളതു മനസ്സിലാക്കിത്തരാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.ഇത്തരം തീക്ഷ്ണമായ അനുഭവങ്ങൾ നേരിടുമ്പോഴും നർമ്മബോധത്തോടെ നോക്കിക്കണാനുള്ള കഴിവ് നോവലിസ്റ്റ് തന്റെ കഥാപാത്രത്തിനു നൽകുന്നു.പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനുള്ള കരുത്ത് അവനു നൽകുന്നത് ആ നർമ്മബോധമാണ്.അത് ഒരു പക്ഷെ നോവലിസ്റ്റിന്റെ ജീവിതവീക്ഷണമാകാം. ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന നമുക്ക് നജീബിന്റെ –നോവലിസ്റ്റിന്റെ—
ഈ കാഴ്ചപ്പാട് മാതൃകയാവട്ടെ.

No comments:

Post a Comment