വീട്ടുമുറ്റത്തെ ശാസ്ത്രം
പ്രശസ്ത ബാലസാഹിത്യകാരനായ ശ്രീ.സി.ജി ശാന്തകുമാർ രചിച്ച വീട്ടുമുറ്റത്തെശാസ്ത്രം എന്ന പുസ്തകം കുട്ടികളിലും മുതിർന്നവരിലും വിദ്യാഭ്യാസത്തെക്കുറിച്ചു നിലനിൽക്കുന്ന പല ധാരണകളെയും തിരുത്തിക്കുറിക്കുന്നു .ഒരു ശാസ്ത്രപുസ്തകത്തിന്റെ ദുർഗ്രഹതയൊന്നുമില്ലാതെ ഒരു ബാലനോവൽ വായിക്കുന്ന സുഖം ഇതു വായിക്കുമ്പോൾ അനുഭവപ്പെടുന്നു.ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന
ഈ പുസ്തകം കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും അദ്ധ്യാപകരും വായിച്ചിരിക്കേണ്ട ഒന്നാണ്.
അപ്പുവിനും അമ്പിളിക്കും ഗീതക്കുമാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖമായി ‘ആമുഖത്തിനുപകരം ‘എന്ന ശീർഷകത്തിൽ ഗ്രന്ഥകർത്താവു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാസ്ത്രപഠനം എങ്ങനെയാവണം എന്നു വ്യക്തമാക്കുന്നു.”‘വീട്ടുമുറ്റത്തെ ശാസ്ത്രം‘ എന്നു കേട്ടപ്പോൾ റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് തങ്കമ്മ ടീച്ചർ ഗീതയോടു ചോദിച്ചു.വീട്ടുമുറ്റത്തും വളപ്പിലുമൊക്കെ എവ്ട്യാ ശാസ്ത്രം?കുട്ടികൾ ശാസ്ത്രം പഠിക്കുന്നത് സ്കൂളിൽ നിന്നും കോളേജിൽ നിന്നുമല്ലേ.” നമുക്കൊക്കെയുള്ള ധാരണയിതാണ്. വീട്ടുമുറ്റവും വളപ്പും തൊടിയുമൊക്കെ കണ്ടു വളരുന്ന ഗ്രാമത്തിലെ കുട്ടികളും“ പുസ്തകത്തിലടച്ച “ ശാസ്ത്രം മാത്രം പഠിക്കാൻ വിധിക്കപ്പെട്ട് നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന കുട്ടികളെ അനുകരിക്കേണ്ടതുണ്ടോ ? എന്ന ഒരു ചോദ്യം ഗ്രന്ഥകർത്താവ് ചോദിക്കുന്നു.
‘വീട്ടുമുറ്റത്തെ ശാസ്ത്രം’ എന്ന പുസ്തകത്തിലൂടെ നാം പരിചയപ്പെടുന്ന അപ്പുവും അമ്പിളിയും പുസ്തകത്തിൽ നോക്കി ശാസ്ത്രം പഠിച്ചിരുന്നവരാണ്. കുട്ടികളുടെ പങ്കാളിത്തമില്ലാതെ നടക്കുന്ന ആ നിർബന്ധിത പഠനം അവരെ പിടിവാശിക്കാരാക്കുന്നു.
ജോലിസ്ഥലത്തുനിന്ന് അച്ഛൻ വന്നപ്പോൾ കൊണ്ടു വന്നിരുന്ന 50 പുസ്തകങ്ങൾ അവർ രണ്ടു പേരും
പങ്കിട്ടെടുക്കുന്നു.എന്നാൽ വീട്ടുമുറ്റത്തെ ശാസ്ത്രം എന്ന പുസ്തകം രണ്ടാൾക്കും ഇഷ്ടമാകുന്നില്ല.
പുസ്തകം കുട്ടികൾ വായിച്ചു എന്നുറപ്പുവരുത്താൻ കുറിപ്പുകൾതയ്യാറക്കാൻ അച്ചൻഅവരൊടാവശ്യപ്പെടുന്നു.നല്ല കുറിപ്പു തയ്യാറാക്കുന്നവർക്ക് സമ്മാനവും വാഗ്ദാനം ചെയ്യുന്നു.
മദ്ധ്യവേനൽ അവധിക്കാലമായപ്പോൾ കുട്ടികളുടെ വികൃതി കൊണ്ട് സഹികെട്ടഅദ്ധ്യാപിക ആയ അമ്മ കുട്ടികളെ വെക്കേഷൻ ക്ലാസ്സിൽ ചേർക്കാൻ അച്ഛനോടു പറയുന്നു. ഒഴിവുകാലം കളിക്കാനുള്ളതാണ് എന്ന അഭിപ്രായക്കാരനായ അച്ഛനും കുട്ടികളുടെ വികൃതികൾ അതിരു കടക്കുന്നു എന്നു ബോദ്ധ്യമായപ്പോൾ കുട്ടികളുടെ അഭിപ്രായം ചോദിച്ചിട്ട് വെക്കേഷൻ ക്ലാസ്സിന്റെ കാര്യം തീരുമാനിക്കാമെന്നു പറയുന്നു. കുട്ടികളുടെ അഭിപ്രായം എതിരായപ്പോൾ നിർബന്ധിച്ച് അവരെ ട്യൂഷൻ ക്ലാസ്സിൽ ചേർക്കാൻ തീരുമാനിക്കുന്നു.എല്ലാം കേട്ടു കൊണ്ടു നിന്നിരുന്ന അയൽ വാസിയായ ഗീത എന്ന പെൺകുട്ടി അവരുടെ കാര്യം ഏറ്റെടുത്തോളാമെന്നു സമ്മതിക്കുന്നു.
അടുത്ത ദിവസം തന്റെ വീട്ടിലെത്തിയ അപ്പുവിന്റെയും അമ്പിളിയുടെയും പെരുമാറ്റത്തിലെ മാറ്റം ഗീതയെ അമ്പരപ്പിക്കുന്നു.മന:ശാസ്ത്രപരമായ സമീപനത്തിലൂടെ ഗീത അവരെ ക്ഷമാശീലമുള്ള നല്ല കുട്ടികളാക്കി മാറ്റുന്നു. “അദ്ധ്യാപകരുടെ പങ്കു കുറയുമ്പോൾ കുട്ടികളുടെ പങ്കു കൂടുന്നു “എന്ന പാഠം +2 വിദ്യാർത്ഥിനിയായ ഗീതയിൽ നിന്ന് അദ്ധ്യാപികയായ അമ്മ പഠിക്കുന്നു.അച്ഛൻ കൊണ്ടുവന്ന പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പിൽ അമ്പിളി തയ്യാറാക്കിയകുറിപ്പ് മികച്ചതായി തിരഞ്ഞെടുക്കുന്നു.അപ്പോഴും വീട്ടുമുറ്റത്തെ ശാസ്ത്രം എന്ന പുസ്തകം വായിക്കപ്പെടാതെ കിടക്കുകയായിരുന്നു.ഇനിയും പുസ്തകങ്ങൾ കിട്ടണമെങ്കിൽ ആ പുസ്തകം കൂടി വായിക്കണമെന്ന് അച്ഛൻ ആവശ്യപ്പെടുന്നു.
വീട്ടുമുറ്റത്തെശാസ്ത്രം എന്നപുസ്തകം എങ്ങനെ വായിക്കണമെന്ന് ഗീത അവർക്കു പറഞ്ഞു കൊടുക്കുന്നു. ശാസ്ത്ര പഠനം വെറും വായനയിലൂടെ മാത്രം ആവരുതെന്നും പുസ്തകത്തിൽ
പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ക്ഷമയോടെ ചെയ്യണമെന്നും ഗീത അവരെ പറഞ്ഞു മനസ്സിലാക്കുന്നു. ഗീതയുടെ സഹായത്തോടെ
തങ്ങളുടെ ചുറ്റുപാടുമുള്ള ആവാസവ്യവസ്ഥ അവർ മനസ്സിലാക്കുന്നു. പ്രവർത്തനങ്ങളിലൂടെയുള്ള പഠനം
അവർക്ക് രസകരമായിത്തീരുന്നു.ചുറ്റുപാടുകളെ സൂക്ഷ്മമായിനിരീക്ഷിക്കാനും കണ്ടെത്തലുകൾ
രേഖപ്പെടുത്തി വയ്ക്കാനുമുള്ള കഴിവുകൾ അവർ നേടുന്നു. ഈ പുസ്തകം വായിക്കുമ്പോഴാണ്
നാം നമ്മുടെ ചുറ്റുപാടുകളെപ്പറ്റി എത്രമാത്രം അജ്ഞരാണെന്നു ബോദ്ധ്യമാകുന്നത്.നമ്മുടെ വീട്ടുമുറ്റത്തു
വളരുന്ന 10ഔഷധസസ്യങ്ങളുടെ പേരും അവയുടെ ഔഷധഗുണങ്ങളും നമ്മിൽ എത്രപേർക്കറിയാം?.
നമ്മുടെ തൊടിയിൽ വിരുന്നുവരുന്ന പക്ഷികളേക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ?ഈ പുസ്തകം അതിനൊക്കെ പ്രേരകമകും.ഏതാനും ചില പക്ഷികളുടെയും ഔഷധസസ്യങ്ങളുടെയും ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പുസ്തകത്തിലൂടെ കുട്ടികൾക്ക് വിലപ്പെട്ട പല വിവരങ്ങളും ലഭിക്കുന്നു.കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ച് ശരിയായ അവബോധം വളർത്തിയെടുക്കുന്നതിൽ ഈ പുസ്തകം വളരെയധികം സഹായിക്കുന്നു. കുട്ടി ആദ്യമായി ശാസ്ത്രം ഗ്രഹിക്കുന്നതും,ഗ്രഹിക്കേണ്ടതും പുസ്തകത്തിൽ നിന്നൊ ക്ലാസ്സ് മുറിയിൽ നിന്നോ അല്ല.പ്രകൃതിയിൽ നിന്നാണ് എല്ലാശാസ്ത്രങ്ങളും ഫലത്തിൽ പ്രകൃതിയെക്കുറിച്ചുള്ള പഠനമാണെന്നുമുള്ള അറിവാണ് ഈ പുസ്തകം നമുക്കു നൽകുന്നത്.
ഭാഷയുടെ ലാളിത്യവും അവതരണശൈലിയിലെ പുതുമയും ഈ പുസ്തകത്തെകുട്ടികൾക്ക് പ്രിയങ്കരമാക്കുമെന്നതിൽ തർക്കമില്ല.
No comments:
Post a Comment